Saturday, July 10, 2010

മഅ്ദനിക്ക് ജാമ്യം നിഷേധിച്ചത് ആശങ്കാജനകം: എസ്.എസ്.എഫ്

കോഴിക്കോട്: ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള മഅ്ദനിയുടെ കാര്യത്തില്‍ അനാവശ്യ തിടുക്കമുണ്ടാകുന്നത് അദ്ദേഹത്തിന് നീതി നിഷേധിക്കപ്പെടാന്‍ കാരണമാകുമോ എന്ന് ആശങ്കയുയര്‍ത്തുന്നതായി എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒമ്പത് കൊല്ലം ജയില്‍വാസം അനുഭവിക്കേണ്ടി വന്ന അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു കുറ്റവും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അത്തരമൊരു രീതി മഅ്ദനിയുടെ കാര്യത്തില്‍ ഇനിയുമുണ്ടാകുന്നത് ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥിതിയില്‍ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് എസ് എസ് എഫ് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സംശയകരമായ സാഹചര്യം മാത്രം മുന്‍നിര്‍ത്തി ഇനിയും മഅ്ദനിയെ പീഡിപ്പിക്കുന്നത് നീതീകരിക്കാനാവില്ല-നേതാക്കള്‍ പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് എന്‍ എം സ്വാദിഖ് സഖാഫി അധ്യക്ഷത വഹിച്ചു.