കാസര്‍കോട്: ബേഡഡുക്ക-കുറ്റിക്കോല്‍ സംയുക്ത മഹല്ല് ജമാഅത്തുകളുടെ പ്രഥമ ഖാസിയായി പ്രമുഖ പണ്ഡിതനും സമസ്‌ത കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് തങ്ങള്‍ ചുമതലയേറ്റു. ആയിരങ്ങള്‍ അണിനിരന്ന പ്രൗഢമായ ചടങ്ങില്‍ മഹല്ല് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ തങ്ങളെ ഖാസിയായി ബൈഅത്ത് ചെയ്യുകയായിരുന്നു. കുണ്ടംകുഴി മസ്‌ജിദ് പരിസരത്ത് ബൈഅത്ത് വേദിയിലേക്ക് ദഫിന്റെ അകമ്പടിയോടെ പൊസോട്ട് തങ്ങളെ സ്വീകരിച്ചു. നേരത്തെ പൊയിനാച്ചിയില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മരുതടുക്കയിലെത്തിയ തങ്ങളെ മരുതടുക്കം മഖാം സിയാറത്തിനുശേഷം ഘോഷയാത്രയായാണ് നഗരിയിലേക്ക് ആനയിച്ചത്. ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്രറാഹിം മുസ്‌ലിയാര്‍ ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ അധ്യക്ഷത വഹിച്ചു. പാണക്കാട് ശിഹാബ് ആറ്റക്കോയ തങ്ങള്‍ തലപ്പാവും ആലംപാടി എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ഷാളുമണിയിച്ചു. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ അല്‍ ബുഖാരി (കുറാ) നേതൃത്വം നല്‍കി. വിവിധ മഹല്ല് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ നടന്ന ഖാസി ബൈഅത്തിന് അബ്ബാസ് അന്‍വരി (മരുതടുക്കം), ആദം സാഹിബ് (കുണ്ടംകുഴി), സി അബ്ബാസ് (ചേടിക്കുണ്ട്), മുഹമ്മദ്‌കുഞ്ഞി ഹാജി (ബാവിക്കരയടുക്കം), മൊയ്‌തീന്‍ (മുനമ്പം), ഹസൈനാര്‍ (തലേക്കുന്ന്), ഇബ്‌റാഹിം പെരിയത്ത് (മൂന്നാംകടവ്), കുഞ്ഞിമൊയ്‌തീന്‍ കുട്ടി (കാട്ടിപ്പാറ), ഇസ്‌മാഈല്‍ (കരിവേടകം) നേതൃത്വം നല്‍കി. അബ്‌ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ സ്വാഗതവും അബ്ബാസ് അന്‍വരി നന്ദിയും പറഞ്ഞു. |
Thursday, March 18, 2010
സംയുക്ത മഹല്ല് ഖാസിയായി പൊസോട്ട് തങ്ങള്‍ ചുമതലയേറ്റു
ബേഡഡുക്ക-കുറ്റിക്കോല്‍ സംയുക്ത ഖാസിയായി പൊസോട്ട് തങ്ങള്‍ വ്യാഴാഴ്ച ചുമതലയേല്‍ക്കും
കാസര്‍കോട്: ബേഡഡുക്ക-കുറ്റിക്കോല്‍ സംയുക്ത മഹല്ല് ജമാഅത്തുകളുടെ ഖാസിയായി പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് ഇന്ന് ചുതമലയേല്‍ക്കും. ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് കുണ്ടംകുഴി ജുമാ മസ്ജിദിനു സമീപം നടക്കുന്ന ചടങ്ങില്‍ മഹല്ല് പ്രതിനിധികള്‍ പൊസോട്ട് തങ്ങളെ ബൈഅത്ത് ചെയ്യും. ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൌലവിയുടെ മരണത്തെ തുടര്‍ന്നാണ് മലയോര മേഖല പൊസോട്ട് തങ്ങളെ ഖാസിയായി നിശ്ചയിച്ചത്. പാണക്കാട് സയ്യിദ് ശിഹാബ് ആറ്റക്കോയ തങ്ങള്‍ തലപ്പാവ് അണിയിക്കും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ആലംപാടി എ എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ ഷാളണിയിക്കും. സ്ഥാനാരോഹണ ചടങ്ങ് സമസ്ത കേന്ദ്ര മുശാവറ അംഗം എം ആലിക്കുഞ്ഞി മുസ്ലിയാരുടെ അധ്യക്ഷതയില്‍ ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്റാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാദാത്തുക്കളും പണ്ഡിത•ാരും സംബന്ധിക്കും. കുണ്ടംകുഴി ജമാഅത്ത് വൈസ് പ്രസിഡന്റ് സി എം അബൂബക്കര്‍ ഹാജിയുടെ അധ്യക്ഷതയില്‍ കുണ്ടംകുഴി മദ്റസയില്‍ ചേര്‍ന്ന സംയുക്ത ജമാഅത്ത് മഹല്ല് പ്രതിനിധികളുടെ യോഗമാണ് തങ്ങളെ ബൈഅത്ത് ചെയ്യാന്‍ തീരുമാനിച്ചത്. നേരത്തെ ജമാഅത്ത് കമ്മിറ്റി ചേര്‍ന്ന് പ്രതിനിധികളെ ചുമതലപ്പെടുത്തിയിരുന്നു. വിവിധ മഹല്ലുകളെ പ്രതിനിധീകരിച്ച് സി എ മുഹമ്മദ് കുണ്ടംകുഴി, അബ്ബാസ് അന്‍വരി മരുതടുക്കം, മൊയ്തീന്‍ മുനമ്പം, അസ്ലം ബാവിക്കരയടുക്കം, ഇബ്റാഹിം കാട്ടിപ്പാറ, ഇബ്റാഹിം തലേക്കുന്ന്, അബ്ദുറഹ്മാന്‍ മൂന്നാംകടവ്, ഇസ്മാഈല്‍ കരിവേടകം, സി എ അബ്ബാസ് ചേടിക്കുണ്ട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നിയുക്ത ഖാസിയായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി നിലവില്‍ കടലുണ്ടി ഖാസി, മഞ്ചേശ്വരം മള്ഹര്‍ ചെയര്‍മാന്‍, ജാമിഅ സഅദിയ്യ അറബിയ്യ വൈസ് പ്രസിഡന്റ്, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. കര്‍ണാടകയിലും വിവിധ സ്ഥാപനങ്ങളുടെ സാരഥ്യം വഹിക്കുന്നുണ്ട്. 1961 സപ്തംബര്‍ 21ന് കോഴിക്കോട് ജില്ലയിലെ കടലുണ്ടിയില്‍ ജനിച്ച തങ്ങള്‍ പ്രമുഖ പണ്ഡിതനും ആത്മീയനായകനുമായ പിതാവ് സയ്യിദ് അഹമ്മദ് ബുഖാരിയില്‍ നിന്ന് പ്രാഥമിക മതവിജ്ഞാനം നേടി. നന്നേ ചെറുപ്പത്തില്‍ തന്നെ മതവിജ്ഞാനത്തിന്റെ ഉന്നത മേഖലകളിലെത്തിയ തങ്ങള്‍ കോടമ്പുഴ ദര്‍സില്‍ ബീരാന്‍ കോയ മുസ്ലിയാരുടെ ആത്മീയ ശിക്ഷണത്തില്‍ ദര്‍സ് പഠനം പൂര്‍ത്തിയാക്കി. 83ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ബാഖവി ബിരുദം നേടി പുറത്തിറങ്ങി. കാല്‍നൂറ്റാണ്ടുമുമ്പ് പൊസോട്ട് ജുമാ മസ്ജിദില്‍ മുദരീസായി സേവനം തുടങ്ങിയതോടെ കര്‍മരംഗം കാസര്‍കോടായി. പൊസോട്ട് തങ്ങള്‍ എന്ന പേരില്‍ ആത്മീയ മേഖലകളില്‍ നിറസാന്നിധ്യമായ തങ്ങള്‍ പ്രഭാഷകന്‍, സംഘാടകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. ആയിരക്കണക്കിനു ആത്മീയ വേദികള്‍ക്കു നേതൃത്വം നല്‍കിവരുന്നു. ഖാസിയായി ചുമതലയേല്‍ക്കുന്നതിന് വ്യാഴാഴ്ച കുണ്ടംകുഴിയിലെത്തുന്ന തങ്ങള്‍ക്ക് വിവിധ മഹല്ല് പ്രതിനിധികള്‍ ഗംഭീര വരവേല്‍പ്പ് നല്‍കും. |
നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ഏപ്രില്‍ 21ന് തുടങ്ങും
കാസര്‍കോട് : മതസമന്വയത്തിന്റെ ഉത്സവാമോദം സമ്മാനിക്കുന്ന തങ്ങള്‍ ഉപ്പാപ്പ ഉറൂസ് നെല്ലിക്കുന്ന് മുഹ്‌യിദ്ദീന്‍ ജുമുഅത്ത് പള്ളിയില്‍ 2010 ഏപ്രില്‍ 21 ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുഹ്‌യിദ്ദീന്‍ ജുമുഅത്ത് പള്ളി പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഹനീഫ് വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പയെ ഓര്‍ക്കാന്‍ രണ്ടുവര്‍ഷത്തിലൊരിക്കലുള്ള ഒത്തുകൂടലിനു ജനസമുദ്രമെത്തും. ഉപ്പാപ്പയുടെ അനുഗ്രഹം തേടിവരുന്ന പതിനായിരങ്ങള്‍ പതിനൊന്നു ദിവസം നഗരത്തിന്റെ തിരക്കുവര്‍ദ്ധിപ്പിക്കും. ഏപ്രില്‍ 21 മുതല്‍ പതിനൊന്നു ദിവസം മതപ്രഭാഷണം കൊണ്ട് നെല്ലിക്കുന്ന് പ്രദേശം ആത്മീയ നഗരമായി മാറുമ്പോള്‍ മതവും ജാതിയും മറന്ന് ജനസഹസ്രമെത്തും. കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും പ്രമുഖ പ്രഭാഷകര്‍ മതപ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കും. അമാനുഷിക സിദ്ധിയിലൂടെ ഇതര മതസ്ഥര്‍ക്കു കൂടി ആശ്രയകേന്ദ്രമായി വര്‍ത്തിച്ച വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പ അന്ത്യവിശ്രമം കൊള്ളുന്ന നെല്ലിക്കുന്ന് മുഹ്‌യിദ്ദീന്‍ ജുമുഅത്ത് പള്ളി അക്ഷരാര്‍ത്ഥത്തില്‍ നാനാദേശത്തിന്റെയും സംസ്‌ക്കരാത്തിന്റെയും സമന്വയകേന്ദ്രമായി മാറും. ആ സന്ദേശം ഏറ്റുവാങ്ങാന്‍ മെയ് 2ന് രാവിലെ ഏറ്റവും വലിയ പുരുഷാരം എത്തും. അന്ന് ഒരുലക്ഷം പേര്‍ക്ക് നെയ്‌ചോര്‍ പൊതികള്‍ വിതരണം ചെയ്യുന്നതോടെ ഉറൂസ് സമാപിക്കും. ഉറൂസിനേടനുബന്ധിച്ച് സൗഹാര്‍ദ്ദ സംഗമം സംഘടിപ്പിക്കും. സന്ദേശം താഴെതട്ടിലുമെത്തിക്കും. പ്രദേശത്തെ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍, രഷ്ട്ര പാര്‍ട്ടി പ്രതിനിധികള്‍, വിവിധ സംഘടനകള്‍ എന്നിവരുടെ യോഗം മാര്‍ച്ച് 21ന് ഉറുസ് കമ്മിറ്റി ഓഫീസില്‍ ചേരും. നെല്ലിക്കുന്ന് കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവ പരിപാടിയില്‍ സംബന്ധിക്കാന്‍ ഉറൂസ് കമ്മിറ്റി ഭാരവാഹികളും, മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവര്‍ മാര്‍ച്ച് 19ന് ക്ഷേത്രത്തില്‍ പോവുകയും ഉറൂസിന് ക്ഷേത്ര ഭാരവാഹികളെ ക്ഷണിക്കുകയും ചെയ്യും. ഉറൂസിനേടനുബന്ധിച്ച് വെബ് സൈറ്റും ഒരുക്കിയിട്ടുണ്ട്. എസ്.എം.എസ്. അയച്ചാല്‍ ഉറൂസിന്റെ നിത്യേനയുള്ള പരിപാടികളെ കുറിച്ചറിയാന്‍ സാധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി പ്രസിഡന്‍ ഹാജി പൂന അബ്ദുര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി എന്‍.എ. നെല്ലിക്കുന്ന്, ട്രഷറര്‍ എന്‍.എ അബ്ദുര്‍ റഹ്മാന്‍ ഹാജി, കട്ടപ്പണി കുഞ്ഞാമു, പൂരണം മുഹമ്മദലി എന്നിവര്‍ സംബന്ധിച്ചു. |
Subscribe to:
Posts (Atom)