Tuesday, April 13, 2010

എസ്.എസ്.എഫ് ഉണര്‍ത്തു ജാഥ 15ന് കാസര്‍കോട് സമാപിക്കും

കാസര്‍കോട്: വിദ്യാര്‍ത്ഥിത്വം; സാമൂഹിക വിചാരത്തിന്റെ സാക്ഷ്യം എന്ന പ്രമേയമുണര്‍ത്തി കേരള സ്റേറ്റ് സുന്നി സ്റുഡന്‍സ് ഫെഡറേഷന്‍(എസ്.എസ്.എഫ്) എപ്രില്‍ ഒന്നിന് തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച ഉണര്‍ത്തു ജാഥ 15ന് കാസര്‍കോട് ഹൊസങ്കടിയില്‍ സമാപിക്കും. സമൂഹത്തില്‍ വളര്‍ന്ന് വരുന്ന സൈബര്‍
കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവത്ക്കരണവും, കാമ്പസുകളില്‍ വ്യാപകമായ ഇന്റര്‍നെറ്റ്, മൊബൈല്‍ ദുരൂപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ തുറന്ന് കാട്ടിയും എസ്.എസ്.എഫ് നടത്തുന്ന ഉണര്‍ത്തു ജാഥ, സംസ്ഥാനത്തെ 13 ജില്ലകളിലെയും നീലഗിരിയിലേയും 43 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷമാണ് വ്യാഴാഴ്ച്ച കാസര്‍കോട്ടെത്തുന്നത്.

ക്യാമ്പസുകളില്‍ പുസ്തകങ്ങള്‍ മരിക്കുകയും, തല്‍സ്ഥാനത്ത് മൊബൈലും ഇന്റര്‍നെറ്റും മാന്യതയുടെ സകല സീമകളും ലംഘിച്ച് കടന്നു വരുന്നു. ഒളിക്യാമറകള്‍ സഹോദരിമാരുടെ മാന്യത നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നു. 2005 ല്‍ തന്നെ കലാലയങ്ങളില്‍ മൊബൈല്‍ ഉപയോഗം നിരോധിച്ച് ഉത്തരവിറക്കിയെങ്കിലും ഇപ്പോഴും ദുരുപയോഗം വ്യാപകമാണ്. അരുതായ്മകള്‍ക്കെതിരെ ഉണരാനും വിദ്യാര്‍ത്ഥിത്വം മുന്നോട്ടുവരണമെന്ന
സന്ദേശവുമായാണ് എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍.എം. സ്വാദിഖ് സഖാഫിയുടെ നേതൃത്വത്തില്‍ 100 അംഗം അല്‍ ഇസ്വാബ കര്‍മ സംഗത്തിന്റെ അകമ്പടിയോടെ തിരുവനന്തപുരത്ത് നിന്ന് ഉണര്‍ത്തുജാഥ തുടങ്ങിയത്. 14ന് വൈകിട്ട് കണ്ണൂര്‍ ജില്ലയില്‍ പര്യടണം പൂര്‍ത്തിയാക്കി രാത്രി ജില്ലാ അഥിര്‍ത്തിയിലെ തൃക്കരിപ്പൂര്‍ അല്‍ മുജമ്മഇല്‍ ജാഥാ അംഗങ്ങള്‍ ക്യാമ്പ് ചെയ്യും. 15ന് രാവിലെ 10 മണിക്ക് കാലിക്കടവ് ജംഗ്ഷനില്‍ ജില്ലാ ഡിവിഷന്‍ നേതാക്കള്‍ ജാഥയെ വരവേല്‍ക്കും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പ്രഥമ
സ്വീകരണ കേന്ദ്രമായ നീലേശ്വരത്തേക്ക് ആനയിക്കും. നീലേശ്വരം മാര്‍ക്കറ്റില്‍ 11 മണിക്ക് നടക്കുന്ന സമ്മേളനം എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ടിന്റെ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. എസ.എസ്.എഫ് ജില്ലാ ഉപദ്ധ്യക്ഷന്‍ അഷ്റഫ് അദ്ധ്യക്ഷത വഹിക്കും. എസ്.എസ്.എഫ് സംസ്ഥാന
ഉപാധ്യക്ഷന്‍ മുഹമ്മദ് ഫാറൂഖ് നഈമി പ്രമേയ പ്രഭാഷണം നടത്തും. സയ്യിദ് ത്വയിബുല്‍ ബുഖാരി മാട്ടൂല്‍ പ്രാര്‍ത്ഥന നടത്തും. വൈകിട്ട് 4.30 ന് കുമ്പള ജുമാ മസ്ജിദ് പരിസരത്ത് നിന്ന് ജാഥയെ ഡിവിഷന്‍ അല്‍ ഇസ്വാബ അംഗങ്ങള്‍ സ്വീകരിക്കും. ഹൊസങ്കടിയില്‍ നടക്കുന്ന സമാപന സമ്മേളനം അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് എം.എ. അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ ഉദ്ഘാടനെ ചെയ്യും. എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് മൂസ സഖാഫി കളത്തൂര്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡണ്ട് എന്‍.എം. സാദിഖ് സഖാഫി പ്രമേയ പ്രഭാഷണം നടത്തും. ജില്ലാ മുഖ്യാതിഥി ആയിരിക്കും. സി. അബ്ദുല്ല മുസ്ലിയാര്‍, സുലൈമാന്‍ കരിവെല്ലൂര്, ലണ്ടന്‍ മുഹമ്മദ് ഹാജി, ലത്വീഫ് സഅദി ഉറൂമി വിവിധ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം നടത്തും.

കോഴിക്കോട്ട് വിവിധോദ്ദ്യേശങ്ങളോടെ നിര്‍മിക്കുന്ന എസ്.എസ്.എഫ് സംസ്ഥാന ആസ്ഥാമ മന്ദിര നിര്‍മ്മാണത്തിലേക്ക് യൂണിറ്റുകള്‍ സമാഹരിച്ച നവോത്ഥാന നിധി സ്വീകരണ കേന്ദ്രങ്ങളില്‍ സംസ്ഥാന നേതാക്കള്‍ക്ക് കൈമാറും. ഇസ്ളാമിക് പബ്ളിഷിംഗ് ബ്യൂറോയുടെ സഞ്ചരിക്കുന്ന പുസ്തക ശാലയും ജാഥയിലുണ്ട്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തത്. ജാഥാ
സ്വീകരണങ്ങള്‍ക്ക് മുന്നോടിയായി 15ന് രാവിലെ 9 മണിക്ക് നീലേശ്വരം ഹാപ്പി ടൂറിസ്റ് ഹോമിലും ഉച്ചയ്ക്ക് ഒരു മണിക്ക് വിദ്യാനഗര്‍ സഅദിയ്യ സെന്ററിലും വൈകിട്ട് മൂന്നിന് കൈകമ്പ പഞ്ചാമി ഹാളിലും വിദ്യാര്‍ത്ഥി കണ്‍വെന്‍ഷനും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ മദനി, ഹമീദ് പരപ്പ, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ അസീസ് സൈനി, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അബ്ദുല്‍ റസാഖ് കോട്ടക്കുന്ന് എന്നിവര്‍
പങ്കെടുത്തു.

ജാമി അ: അശ് അരിയ്യ അഭയം നല്‍കി


കൊച്ചി: ആരാരുമില്ലാത്ത അഞ്ച് സഹോദരങ്ങള്‍ക്ക് അഭയം നല്‍കി ചേരാനല്ലൂര്‍ ജാമിഅ: അശ്അരിയ്യ മാതൃകയായി. മാതാവ് ഉപേക്ഷിച്ചുപോവുകയും പിതാവ് രോഗാവസ്ഥയിലാവുകയും ചെയ്തതാണ് കുട്ടികളുടെ ദുരവസ്ഥയ്ക്ക് കാരണമായത്. ആലപ്പുഴ സക്കരിയ ബസാര്‍ സ്വദേശി ഷാജഹാന്റെ മക്കളായ ഫാത്വിമാത്തുസുഹ്ര്ഗ്(11), അബ്ദുല്ല(10), യാസീന്‍ അബ്ദുല്ല(8), അജ്സമുദ്ദീന്‍ മൂബീന്‍ ഹഖ്(7), സഅദ് ബിന്‍ അബീവഖാസ്(5) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് സ്റേഷനില്‍ നിന്ന് അശ്അരിയ്യ ഏറ്റെടുത്തത്.

പ്രവാസ ജീവിതത്തിനിടയില്‍ ഭാര്യ ഉപേക്ഷിച്ചുപോയ ശേഷം മക്കളുടെ കാര്യങ്ങളില്‍ അതീവശ്രദ്ധ പതിപ്പിച്ച് ജീവിച്ചിരുന്ന ഷാജഹാന്‍ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോള്‍. അഞ്ചുപേരില്‍ മൂന്നുപേരെ അശ്അരിയ്യ നേരത്തെ തന്നെ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റേഷനില്‍ രോഗബാധിതനായി വീണ ഷാജഹാന് ചുറ്റുമിരുന്ന് കരയുന്ന കുട്ടികളെ കണ്ടണ്ട പോലീസുകാര്‍ ഷാജഹാനെ ആശുപത്രിയിലെത്തിച്ചു. പോലീസുകാരായ ബിജു, മുഹമ്മദ്കുഞ്ഞ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് വനിതാ സ്റേഷനിലെത്തിച്ച കുട്ടികളോട് പഠിക്കുന്നത് എവിടെയാണെന്ന് ചോദിച്ചപ്പോള്‍ ജാമിഅ അശ്അരിയ്യയി ലാണെന്ന് മറുപടി ലഭിച്ചു. പിന്നീട് ഫാത്വിമത്തുസുഹ്റ ഒഴികെയുള്ളവരെ വടുതലയിലുള്ള ക്രിസ്തീയ അനാഥാലയത്തിലേക്ക് മാറ്റി.

വിവരമറിഞ്ഞെത്തിയ അശ്അരിയ്യയുടെ നേതാക്കളായ എ.അഹ്മദുകുട്ടിഹാജി, വിഎച്ച് അലി ദാരിമി, അബ്ദുല്‍ജബാര്‍ സഖാഫി, എബി കുഞ്ഞുമുഹമ്മദ് ഹാജി, ഫഖ്റുദ്ദീന്‍ മിസ്ബാഹി എന്നിവര്‍ പോലീസ് അധികൃതരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ അശ്അരിയ്യാ അധികൃതര്‍ക്ക് വിട്ടുനല്‍കിയത്. ഷാജഹാന്റെ ചികിത്സാച്ചെലവുകളും അഞ്ച് കുട്ടികളുടെ മുഴുവന്‍ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുമെന്ന് ജാമിഅ: അശ്അരിയ്യയുടെ
സാരഥികള്‍ അറിയിച്ചു.