തൃശൂര്‍: ഒരു വര്‍ഷത്തിനകം നൂറ് മഹല്ലുകള്‍ മദ്യവിമുക്ത മഹല്ലുകളായി പ്രഖ്യാപിക്കുമെന്ന്തൃശൂര്‍ജില്ലാ സംയുക്ത ഖാസി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരുകാലത്ത് ഹരിയാനയും പഞ്ചാബുമാണ് മദ്യ വിപണിയില്‍ മുന്‍പന്തിയിലായിരുന്നതെങ്കില്‍ ഇപ്പോള്‍ കേരളമാണ് മുന്‍പന്തിയില്‍. മദ്യമാണ് മനുഷ്യനെ എല്ലാ തിന്‍മകളിലേക്കും നയിക്കുന്നത്. നമ്മുടെ സംസ്ഥാന സര്‍ക്കരിന്റെ റവന്യൂ വരുമാനത്തിന്റെ 40 ശതമാനവും ബീവറേജ് കോര്‍പറേഷനില്‍ നിന്നാണ് ലഭിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ഈ മദ്യപാനത്തിനെതിരെ തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദ്യഘട്ടത്തില്‍ 100 മദ്യ വിമുക്ത മഹല്ലുകള്‍ സൃഷ്ടിക്കാനാണ് തയ്യാറെടുക്കുന്നത്. വ്യക്തിഗത ബോധവത്കരണം, കുടുബ സദസ്സുകള്‍, കൊളാഷ് പ്രദര്‍ശനം, സ്പിരിച്വല്‍ മീറ്റുകള്‍തുടങ്ങിയവയാണ് ലക്ഷ്യനിര്‍വഹണ മാര്‍ഗങ്ങളായി സ്വീകരിക്കും. സാംസ്‌കാരിക നായകരുടെ കൂട്ടായ്മകളൊരുക്കിയും സിമ്പോസിയങ്ങള്‍, ലഹരി വിരുദ്ധ പ്രകടനങ്ങള്‍ എന്നിവ ഒരുക്കി നിയമ വിധേയ ചേര്‍ത്തുനില്‍പ്പിലൂടെ ലഹരി വില്‍പന കേന്ദ്രങ്ങള്‍ക്കെതിരെ പ്രവര്‍ത്തികുമെന്നും ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് സംയുക്ത മഹല്ല് ജമാഅത്തിന്റേയും ജില്ലാ മഹല്ല് അസോസിയേഷന്റേയും കീഴില്‍ 500 അംഗ സന്നദ്ധ സംഘത്തെ ലഹരി വിരുദ്ധ സ്‌ക്വാഡായി പരിശീലിപ്പിച്ചെടുക്കുമെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു. കൂടുമ്പോള്‍ ഇമ്പം ഉണ്ടാകേണ്ടിയിരുന്ന കുടുംബം ഇന്ന്് മന:സമാധാനമോ പരസ്പര വിശ്വാസമോ ഇല്ലാത്ത ഒരു വലിയ പ്രശ്‌ന ബാധിത മേഖലയായി രൂപപ്പെട്ടു വരികായാണ്. ആയുസിന്റെ വലിയൊരു ഭാഗം കോടതികളിലും പോലീസ് സ്‌റ്റേഷനുകളിലുമായി ചിലവഴിച്ച് ഒടുവില്‍ ആത്മഹത്യയിലേക്കോ, കൊലപാതകത്തിലേക്കോ ശരണം പ്രാപിക്കുന്നവര്‍ ഇന്ന് സമൂഹത്തില്‍ ധാരാളമാണ്. അതിനാല്‍ വിവാഹം, വിവാഹമോചനം, അനന്തരാവകാശ സ്വത്തു വിഭജനം തുടങ്ങിയ പലകാര്യങ്ങളിലും ഉണ്ടാവുന്ന തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സംയുക്ത മഹല്ല് 'മസ്‌ലഹത്ത് കൗണ്‍സില്‍' രൂപവത്കരിക്കുമെന്നും ഖലീല്‍ തങ്ങള്‍ വ്യക്തമാക്കി. ഭിന്നതകള്‍ സങ്കീര്‍ണമാകാതിരിക്കാന്‍ നിയമ വിധേയമായി ഇടപെടുന്ന കൗണ്‍സില്‍ നിയമ പാലര്‍ക്കും കോടതികള്‍ക്കും ആശ്വാസമായിരിക്കുമെന്നും തങ്ങള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സംയുക്തമഹല്ല് ജമാഅത്ത് പ്രസി. താഴപ്ര മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, ജില്ലാ മഹല്ല് ജമാഅത്ത് അസോസിയേഷന്‍ പ്രസി. അബ്ദുഹാജി, ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ജന. സെക്ര. അഡ്വ. പി യു അലി, എസ് വൈ എസ് ജില്ലാ പ്രസി. പി കെ ബാവ ദാരിമി, പബ്‌ളിക് റിലേഷന്‍ സെക്ര. അഷറഫ് ഒളരി എന്നിവരും പങ്കെടുത്തു.