Thursday, April 08, 2010

വിവാഹപൂര്‍വബന്ധം കോടതിയിലൂടെ ചോദ്യം ചെയ്യും: കാന്തപുരം


കോഴിക്കോട്: വിവാഹ പൂര്‍വബന്ധം കുറ്റകരമല്ലെന്ന കോടതിവിധിയില്‍ വ്യക്തത വേണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. വിവാഹ പൂര്‍വ ബന്ധങ്ങളെക്കുറിച്ച് തെന്നിന്ത്യന്‍ സിനിമാതാരം ഖുശ്ബു നടത്തിയ പ്രസ്താവനയ്ക്ക് അനുകൂലമായി ഈയിടെയുണ്ടായ സുപ്രിംകോടതി വിധിയോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്യപുരുഷനും സ്ത്രീയും ഒന്നിച്ചു താമസിച്ചാല്‍ കുറ്റകരമല്ലാതാവുന്നത് ഏതു സാഹചര്യത്തിലാണ് എന്ന് കോടതി വ്യക്തമാക്കണം. ഇത്തരം സ്ത്രീ പുരുഷ ബന്ധങ്ങള്‍ മതത്തിനും സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനും ഹാനികരമാണ്. ഈ രീതിയിലുള്ള കോടതിവിധികള്‍ മുസ്ലിം ശരീഅത്തിന് എതിരായതിനാല്‍ ഈ വിധിയെ കോടതിയിലൂടെത്തന്നെ ചോദ്യം ചെയ്യുമെന്നും എസ്.വൈ.എസിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കാന്തപുരം പറഞ്ഞു.

തൊടുപുഴയിലെ ചോദ്യപേപ്പര്‍ വിവാദത്തിനു പിന്നില്‍ മതങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും സംഘര്‍ഷവും ഉണ്ടാവാന്‍ ആഗ്രഹിക്കുന്നവരാണ്. ഈ സംഭവത്തിനു പിന്നില്‍ ഒരു വ്യക്തി മാത്രമല്ലെന്ന് സംസ്ഥാന സര്‍ക്കാരിനു ബോധ്യപ്പെട്ടിട്ടുണ്െടന്നും രാഷ്ട്രീയ സംഘട്ടനം വര്‍ധിച്ചുവരുന്ന കേരളത്തില്‍ മതസംഘട്ടനങ്ങള്‍ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും കാന്തപുരം പറഞ്ഞു. രാജ്യത്തെ നശിപ്പിക്കുന്ന തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും രാജ്യസ്നേഹികള്‍ പോവാന്‍ പാടില്ല. മുസ്ലിംകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ചെന്നെത്താതിരിക്കാന്‍ തങ്ങളുടെ സംഘടന ജാഗ്രത പാലിക്കുന്നുണ്ട്. മദ്യകോള വിപണിയിലിറക്കാന്‍ ശ്രമിച്ചാല്‍ നിയമത്തിനുള്ളില്‍ നിന്ന് എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment

thank you my dear friend