Saturday, December 18, 2010

ജില്ലാ ഓര്‍ഫനേജ് ഫെസ്റ്റ് സഅദിയ്യ ജേതാക്കള്‍

പുത്തിഗെ: മുഹിമ്മാത്തില്‍ നടന്ന ജില്ലാ ഓര്‍ഫനേജ് ഫെസ്റ്റില്‍ സഅദിയ്യ യതീംഖാന ഓവറോള്‍ ചാമ്പ്യന്‍മാരായി. കാഞ്ഞങ്ങാട് മുസ്ലിം ഗേള്‍സ് ഓര്‍ഫനേജിന് രണ്ടാം സ്ഥാനവും ആലമ്പാടി നൂറുല്‍ ഇസ്ലാം ഓര്‍ഫനേജിന് മൂന്നാം സ്ഥാനവും ലഭിച്ചു.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്തേക്ക്‌ SSF മാര്‍ച്ച്‌ നടത്തും

കാസര്‍കോട്‌: എന്‍ഡോസള്‍ഫാന്‍; പഠനം വേണ്ട നടപടിയെടുക്കുക, എന്ന ശീര്‍ഷകത്തില്‍ ഡിസംബര്‍ 11-31 കാലയളവില്‍ എസ്‌.എസ്‌.എഫ്‌ നടത്തുന്ന കാമ്പയിന്റെ ഭാഗമായി ഈ മാസം 28 ന്‌ കേരള സംസ്ഥാന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പെരിയയിലുള്ള ആസ്ഥാനത്തേക്ക്‌ മാര്‍ച്ച്‌ സംഘടിപ്പിക്കാന്‍ കാസര്‍കോടിന്റെ സുന്നി സെന്ററില്‍ ചേര്‍ന്ന്‌ ജില്ലാ നേതൃ സംഗമം തീരുമാനിച്ചു.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള കശുവണ്ടിത്തോട്ടത്തില്‍ 2011-12 വര്‍ഷത്തേക്ക്‌ ലേലം ചെയ്യുന്ന പ്രസ്‌തുത ദിവസം പെരിയ ആസ്ഥാനത്തുള്ള ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലേക്ക്‌ എസ്‌.എസ്‌.എഫ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ ചെയ്യും. എന്‍ഡോസള്‍ഫാന്‍ നിരോധനം കാര്യക്ഷമമാക്കുക, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ വരുമാനം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിത്സയും പുനരധിവാസത്തിനും ഉപയോഗിക്കുക. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിത്സയും പുനരധിവാസവും പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ മാര്‍ച്ച്‌.

എന്‍ഡോസള്‍ഫാന്റെ കെടുതികളനുഭവിച്ച്‌ മരിച്ച്‌ ജീവിക്കുന്ന വിവിധ ഭാഗങ്ങളിലെ ദുര്‍ബലരായ മനുഷ്യരോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും, അവരുടെ ക്ഷേമത്തിനാവശ്യമായ നടപടികള്‍ ആവശ്യപ്പെട്ടും നടക്കുന്ന കാമ്പയിന്റെ ഭാഗമായി ലഘുലേഖ വിതരണം, പോസ്റ്റര്‍ പ്രദര്‍ശനം ജില്ലയിലെ 35 സെക്‌ടര്‍ തലങ്ങളില്‍ ഈ മാസം 23 ന്‌ കൊളാഷ്‌ പ്രദര്‍ശനം നടക്കും. തുടര്‍ന്ന്‌ 31 നകം 350 യൂണിറ്റ്‌ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. പ്രക്ഷോഭ, ബോധവല്‍ക്കരണ പരിപപാടിയുടെ പ്രചചണാര്‍ത്ഥം ഡിസംബര്‍ 23-26 കാലയളവില്‍ ജില്ലയിലെ 5 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥി റാലിയും സംഘടിപ്പിച്ചിട്ടുണ്ട്‌.

നേതൃയോഗം മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു. അബ്‌ദുല്‍ അസീസ്‌ സൈനി, അബ്‌ദുല്‍ റസാഖ്‌ സഖാഫി കോട്ടക്കുന്ന്‌, അബ്‌ദുല്‍ കരീം ദര്‍ബാര്‍കട്ട, സിദ്ദീഖ്‌ കോളിയൂര്‍, റഫീഖ്‌ സഖാഫി, മൊയ്‌ദു സഅദി പിലാവളപ്പ്‌, മഹ്‌മൂദ്‌ അംജദി, ഫാറൂഖ്‌ കുബണൂര്‍, അബ്‌ദുല്‍ ലത്തീഫ്‌ തുരുത്തി, ഷാനവാസ്‌ ചേടിക്കുണ്ട്‌്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.

ക്രിയാത്മക മത്സരം വൈജ്ഞാനിക മുന്നേറ്റത്തിന്: സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ

പുത്തിഗെ: സ്‌കൂള്‍ തലങ്ങളില്‍ നടക്കുന്ന ക്രിയാത്മക മത്സരങ്ങള്‍ വിദ്യാര്‍ഥികളുടെ വൈജ്ഞാനിക പരിപോഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് മഞ്ചേശ്വരം എം എല്‍ എ. സി എച്ച് കുഞ്ഞമ്പു പ്രസ്താവിച്ചു. 17-ാമത് ഓര്‍ഫനേജ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മിക വിദ്യാഭ്യാസം നല്‍കുന്ന മുഹിമ്മാത്ത് പോലുള്ള സ്ഥാപനങ്ങള്‍ സമൂഹത്തിലെ അനാഥ-അഗതികള്‍ക്ക് ജീവിതം നല്‍കുന്നതോടൊപ്പം വൈജ്ഞാനിക മേഖലകളില്‍ ഉന്നത പടവുകള്‍ കയറാന്‍ അവസരം നല്‍കുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് മുഹമ്മദ് മുബാറക് ഹാജി അധ്യക്ഷത വഹിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എ കെ ഇസ്സുദ്ദീന്‍ സഖാഫി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുര്‍ റഹ്്മാന്‍, ബശീര്‍ പുളിക്കൂര്‍, അമീറലി ചൂരി തുടങ്ങിയവര്‍ പ്രസംഗിച്ചു.