Sunday, May 23, 2010

സഅദിയ്യയില്‍ പ്രവാസി മീറ്റും പ്രാര്‍ത്ഥനാ സദസ്സും ചൊവ്വാഴ്ച.
സഅദാബാദ്: ഗള്‍ഫ് മലയാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മംഗലാപുരം വിമാന ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് വേണ്ണിയുളള പ്രതേ്യക പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കുന്നു. മെയ് 25 ന് ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് ജാമിഅ സഅദിയ്യയില്‍ നടക്കുന്ന പരിപാടിയില്‍ അവധിക്ക് നാട്ടിലെത്തിയ പ്രവാസി ബന്ധുക്കള്‍ക്ക് സ്വീകരണം നല്‍കും. പ്രഗത്ഭ സാദാത്തുക്കളും പണ്ഡിതന്മാരും നേതൃത്വം നല്‍കും. നാട്ടിലുളള മുഴുവന്‍ പ്രവാസികളും സ്ഥാപന ബന്ധുക്കളും പങ്കെടുക്കണമെന്ന് സെക്രട്ടറി കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അറിയിച്ചു.

ജമാഅത്തെ
ഇസ്‌ലാമി മൗദൂദിയെ തള്ളിപ്പറഞ്ഞു

കോഴിക്കോട്‌: ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാവ്‌ അബുല്‍ അഅ്‌ലാ മഅ്‌ദൂദിയെ സംഘടന തള്ളിപ്പറഞ്ഞു. സംഘടനയുടെ പ്രമാണം
മൗദൂദിയുടെ ആശയങ്ങളോ ലിഖിതങ്ങളോ അല്ലെന്നും ഖുര്‍ആനും നബിചര്യയുമാണെന്നും
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ ടി ആരിഫലി പറഞ്ഞു. കോഴിക്കോട്ട്‌
ജമാഅത്തെ ഇസ്‌ലാമി ആസ്ഥാനത്ത്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌
സംഘടനയുടെ സ്ഥാപകന്റെ ആശയങ്ങളെ ആരിഫലി തള്ളിപ്പറഞ്ഞത്‌.

``ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍ എന്ന നിലയില്‍ മൗലാനാ മൗദൂദിയോട്‌
ജമാഅത്തിന്‌ കടപ്പാടുണ്ട്‌. അതേയവസരം, ജമാഅത്തിന്റെ പ്രമാണം മൗദൂദിയുടെ
ലിഖിതങ്ങളോ വീക്ഷണങ്ങളോ അല്ല''- ആരിഫലി പറഞ്ഞു. ഏതെങ്കിലും ഒരു
സന്ദര്‍ഭത്തില്‍ ഇത്‌ വ്യക്തമാക്കേണ്ടതുണ്ട്‌ എന്നുള്ളതു കൊണ്ടാണ്‌
ഇപ്പോള്‍ ഇക്കാര്യം പറയുന്നതെന്നും ആരിഫലി വാര്‍ത്താ സമ്മേളനത്തില്‍
പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ പ്രവേശത്തിന്റെ ഭാഗമായാണ്‌ തങ്ങളുടെ പഴയ
ആശയങ്ങള്‍ തള്ളിപ്പറഞ്ഞു കൊണ്ട്‌ സംഘടന രംഗത്തെത്തിയിരിക്കുന്നതെന്നാണ്
വിലയിരുത്തപ്പെടുന്നത്‌. മതരാഷ്‌ട്രവാദം സംഘടനക്ക്‌ ഭാരമാകുകയും മുഖ്യധാര
രാഷ്‌ട്രീയ കക്ഷികള്‍ അകറ്റി നിര്‍ത്തുകയും ചെയ്യുന്നത്‌ കൊണ്ടാണ്‌
അടിസ്ഥാന പ്രമാണത്തെ തന്നെ തള്ളിപ്പറയാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ഘടകം
തയ്യാറായത്‌. എന്നാല്‍ ഈ വാദം സംഘടനയുടെ അഖിലേന്ത്യാ നേതൃത്വം
അംഗീകരിക്കുമോ ഇല്ലയോ എന്ന്‌ കണ്ടറിയുക തന്നെ വേണം. മൗദൂദി മുന്നോട്ടുവെച്ച
മതരാഷ്‌ട്രവാദവും ജനാധിപത്യവിരുദ്ധ നിലപാടും
തള്ളിപ്പറയുന്നതിനെക്കുറിച്ച്‌ സംഘടനക്കകത്ത്‌ നേരത്തെ തന്നെ ചര്‍ച്ച
നടന്നതാണ്‌. കേരളത്തില്‍ നിന്നുള്ളവര്‍ തള്ളിപ്പറയാന്‍ ഒരുങ്ങിയപ്പോഴൊക്കെ
ഉത്തന്തേ്യന്‍ ലോബി ഇതിനു തടയിടുകയായിരുന്നു. ടി ആരിഫലി സംസ്ഥാന അമീറായി
വന്നതിന്‌ ശേഷമാണ്‌ മൗദൂദിയെ തള്ളിപ്പറയുക തന്നെ വേണമെന്ന നിലപാടിലേക്ക്‌
കേരള ഘടകം എത്തിയത്‌. ``എന്നെങ്കിലും ഒരിക്കല്‍ പറയേണ്ടതുണ്ട്‌'' എന്ന്‌
ആരിഫലി എടുത്ത്‌പറയുന്നതും ശ്രദ്ധേയമാണ്‌.

ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്‌ അബുല്‍ അഅ്‌ലാ മൗദൂദി.
1941 ലാണ്‌ അദ്ദേഹം സംഘടനക്ക്‌ രൂപം നല്‍കിയത്‌. അദ്ദേഹത്തോടൊപ്പം
പത്തെഴുപത്‌ പണ്‌ഡിതന്മാര്‍ അന്ന്‌ വേറെയുമുണ്ടായിരുന്നു. 1948ലാണ്‌ ഇന്ന്‌
നിലവിലുള്ള ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ സ്ഥാപിച്ചതെന്നും ആരിഫലി പറഞ്ഞു.
കാലത്തിനനുസരിച്ചുള്ള മാറ്റം ഇത്തരം സംഘടനകള്‍ക്ക്‌ സ്വാഭാവികമാണെന്നും
ആരിഫലി കൂട്ടിച്ചേര്‍ത്തു.