Thursday, April 08, 2010

മൊബൈല്‍ ഫോണ്‍ നിരോധം കര്‍ശനമായി നടപ്പാക്കണം: എസ്എസ്എഫ്

ആലപ്പുഴ: കലാലയങ്ങളിലെ മൊബൈല്‍ ഫോണ്‍ നിരോധം കര്‍ശനമായി നടപ്പാക്കണമെന്ന് എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് എന്‍എം സ്വാദിഖ് സഖാഫി, ജന:സെക്രട്ടറി ആര്‍.പി ഹുസൈന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കലാലയങ്ങളിലെ മൊബൈല്‍ ഫോണ്‍ നിരോധിച്ചത് 2005ലാണ്. എന്നാല്‍ ഇത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.

മൊബൈല്‍ ക്യാമറ ദുരുപയോഗം ചെയ്ത് മറ്റുള്ളവരുടെ സ്വകാര്യത പകര്‍ത്തി ഇന്റര്‍നെറ്റ് വഴി കൈമാറുന്ന പ്രവണത കലാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സഹചര്യത്തില്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണം. ഇത്തരം ക്രൂര കൃത്യങ്ങള്‍ മൂലം വിദ്യാര്‍ത്ഥികള്‍ മാനസികമായി തളരുകയും ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്യുന്ന സ്ഥിതിവിശേഷം സര്‍ക്കാരും സമൂഹവും നിസ്സാരമായി കാണരുതെന്ന് സുന്നിവിദ്യാര്‍ത്ഥി ഫെഡറേഷന്‍ നേതാക്കള്‍ പറഞ്ഞു. വ്യക്തിയുടെ സ്വകാര്യതകള്‍ക്കും രാഷ്ട്രത്തിന്റെ സുരക്ഷക്കും ഭീഷണി ഉയര്‍ത്തും വിധം വര്‍ധിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ സമൂഹത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എസ്എസ്എഫ് സംഘടിപ്പിച്ചിട്ടുള്ള ഉണര്‍ത്തു ജാഥ എല്ലാ ജില്ലകളിലും പര്യടനം നടത്തി; 15ന് കാസര്‍കോട് സമാപിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

ഒന്നിന് തലസ്ഥാനത്ത് നിന്നാരംഭിച്ച ഉണര്‍ത്തു ജാഥയ്ക്ക് വന്‍ സ്വീകരണമാണ് പൊതു സമൂഹത്തില്‍ നിന്ന് ലഭിക്കുന്നതെന്ന് അവര്‍ പറഞ്ഞു. എസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം.അബ്ദുല്‍ മജീദ്, ജില്ലാ പ്രസിഡന്റ് ശാഫി മള്ഹരി, ജില്ലാ ക്യാമ്പസ് സെക്രട്ടറി ഫൈസല്‍ യൂസുഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

No comments:

Post a Comment

thank you my dear friend