Tuesday, April 13, 2010

ജാമി അ: അശ് അരിയ്യ അഭയം നല്‍കി


കൊച്ചി: ആരാരുമില്ലാത്ത അഞ്ച് സഹോദരങ്ങള്‍ക്ക് അഭയം നല്‍കി ചേരാനല്ലൂര്‍ ജാമിഅ: അശ്അരിയ്യ മാതൃകയായി. മാതാവ് ഉപേക്ഷിച്ചുപോവുകയും പിതാവ് രോഗാവസ്ഥയിലാവുകയും ചെയ്തതാണ് കുട്ടികളുടെ ദുരവസ്ഥയ്ക്ക് കാരണമായത്. ആലപ്പുഴ സക്കരിയ ബസാര്‍ സ്വദേശി ഷാജഹാന്റെ മക്കളായ ഫാത്വിമാത്തുസുഹ്ര്ഗ്(11), അബ്ദുല്ല(10), യാസീന്‍ അബ്ദുല്ല(8), അജ്സമുദ്ദീന്‍ മൂബീന്‍ ഹഖ്(7), സഅദ് ബിന്‍ അബീവഖാസ്(5) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് സ്റേഷനില്‍ നിന്ന് അശ്അരിയ്യ ഏറ്റെടുത്തത്.

പ്രവാസ ജീവിതത്തിനിടയില്‍ ഭാര്യ ഉപേക്ഷിച്ചുപോയ ശേഷം മക്കളുടെ കാര്യങ്ങളില്‍ അതീവശ്രദ്ധ പതിപ്പിച്ച് ജീവിച്ചിരുന്ന ഷാജഹാന്‍ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോള്‍. അഞ്ചുപേരില്‍ മൂന്നുപേരെ അശ്അരിയ്യ നേരത്തെ തന്നെ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റേഷനില്‍ രോഗബാധിതനായി വീണ ഷാജഹാന് ചുറ്റുമിരുന്ന് കരയുന്ന കുട്ടികളെ കണ്ടണ്ട പോലീസുകാര്‍ ഷാജഹാനെ ആശുപത്രിയിലെത്തിച്ചു. പോലീസുകാരായ ബിജു, മുഹമ്മദ്കുഞ്ഞ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് വനിതാ സ്റേഷനിലെത്തിച്ച കുട്ടികളോട് പഠിക്കുന്നത് എവിടെയാണെന്ന് ചോദിച്ചപ്പോള്‍ ജാമിഅ അശ്അരിയ്യയി ലാണെന്ന് മറുപടി ലഭിച്ചു. പിന്നീട് ഫാത്വിമത്തുസുഹ്റ ഒഴികെയുള്ളവരെ വടുതലയിലുള്ള ക്രിസ്തീയ അനാഥാലയത്തിലേക്ക് മാറ്റി.

വിവരമറിഞ്ഞെത്തിയ അശ്അരിയ്യയുടെ നേതാക്കളായ എ.അഹ്മദുകുട്ടിഹാജി, വിഎച്ച് അലി ദാരിമി, അബ്ദുല്‍ജബാര്‍ സഖാഫി, എബി കുഞ്ഞുമുഹമ്മദ് ഹാജി, ഫഖ്റുദ്ദീന്‍ മിസ്ബാഹി എന്നിവര്‍ പോലീസ് അധികൃതരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ അശ്അരിയ്യാ അധികൃതര്‍ക്ക് വിട്ടുനല്‍കിയത്. ഷാജഹാന്റെ ചികിത്സാച്ചെലവുകളും അഞ്ച് കുട്ടികളുടെ മുഴുവന്‍ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുമെന്ന് ജാമിഅ: അശ്അരിയ്യയുടെ
സാരഥികള്‍ അറിയിച്ചു.

No comments:

Post a Comment

thank you my dear friend