Thursday, March 18, 2010

നെല്ലിക്കുന്ന്‌ തങ്ങള്‍ ഉപ്പാപ്പ ഉറൂസ്‌ ഏപ്രില്‍ 21ന്‌ തുടങ്ങും

കാസര്‍കോട്‌ : മതസമന്വയത്തിന്റെ ഉത്സവാമോദം സമ്മാനിക്കുന്ന തങ്ങള്‍ ഉപ്പാപ്പ ഉറൂസ്‌ നെല്ലിക്കുന്ന്‌ മുഹ്‌യിദ്ദീന്‍ ജുമുഅത്ത്‌ പള്ളിയില്‍ 2010 ഏപ്രില്‍ 21 ന്‌ ആരംഭിക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുഹ്‌യിദ്ദീന്‍ ജുമുഅത്ത്‌ പള്ളി പരിസരത്ത്‌ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ്‌ ഹനീഫ്‌ വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പയെ ഓര്‍ക്കാന്‍ രണ്ടുവര്‍ഷത്തിലൊരിക്കലുള്ള ഒത്തുകൂടലിനു ജനസമുദ്രമെത്തും. ഉപ്പാപ്പയുടെ അനുഗ്രഹം തേടിവരുന്ന പതിനായിരങ്ങള്‍ പതിനൊന്നു ദിവസം നഗരത്തിന്റെ തിരക്കുവര്‍ദ്ധിപ്പിക്കും. ഏപ്രില്‍ 21 മുതല്‍ പതിനൊന്നു ദിവസം മതപ്രഭാഷണം കൊണ്ട്‌ നെല്ലിക്കുന്ന്‌ പ്രദേശം ആത്മീയ നഗരമായി മാറുമ്പോള്‍ മതവും ജാതിയും മറന്ന്‌ ജനസഹസ്രമെത്തും. കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും പ്രമുഖ പ്രഭാഷകര്‍ മതപ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കും. അമാനുഷിക സിദ്ധിയിലൂടെ ഇതര മതസ്ഥര്‍ക്കു കൂടി ആശ്രയകേന്ദ്രമായി വര്‍ത്തിച്ച വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പ അന്ത്യവിശ്രമം കൊള്ളുന്ന നെല്ലിക്കുന്ന്‌ മുഹ്‌യിദ്ദീന്‍ ജുമുഅത്ത്‌ പള്ളി അക്ഷരാര്‍ത്ഥത്തില്‍ നാനാദേശത്തിന്റെയും സംസ്‌ക്കരാത്തിന്റെയും സമന്വയകേന്ദ്രമായി മാറും. ആ സന്ദേശം ഏറ്റുവാങ്ങാന്‍ മെയ്‌ 2ന്‌ രാവിലെ ഏറ്റവും വലിയ പുരുഷാരം എത്തും. അന്ന്‌ ഒരുലക്ഷം പേര്‍ക്ക്‌ നെയ്‌ചോര്‍ പൊതികള്‍ വിതരണം ചെയ്യുന്നതോടെ ഉറൂസ്‌ സമാപിക്കും. ഉറൂസിനേടനുബന്ധിച്ച് സൗഹാര്‍ദ്ദ സംഗമം സംഘടിപ്പിക്കും. സന്ദേശം താഴെതട്ടിലുമെത്തിക്കും. പ്രദേശത്തെ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍, രഷ്ട്ര പാര്‍ട്ടി പ്രതിനിധികള്‍, വിവിധ സംഘടനകള്‍ എന്നിവരുടെ യോഗം മാര്‍ച്ച് 21ന് ഉറുസ് കമ്മിറ്റി ഓഫീസില്‍ ചേരും. നെല്ലിക്കുന്ന് കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവ പരിപാടിയില്‍ സംബന്ധിക്കാന്‍ ഉറൂസ് കമ്മിറ്റി ഭാരവാഹികളും, മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവര്‍ മാര്‍ച്ച് 19ന് ക്ഷേത്രത്തില്‍ പോവുകയും ഉറൂസിന് ക്ഷേത്ര ഭാരവാഹികളെ ക്ഷണിക്കുകയും ചെയ്യും. ഉറൂസിനേടനുബന്ധിച്ച് വെബ് സൈറ്റും ഒരുക്കിയിട്ടുണ്ട്. എസ്.എം.എസ്. അയച്ചാല്‍ ഉറൂസിന്റെ നിത്യേനയുള്ള പരിപാടികളെ കുറിച്ചറിയാന്‍ സാധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി പ്രസിഡന്‍ ഹാജി പൂന അബ്ദുര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി എന്‍.എ. നെല്ലിക്കുന്ന്, ട്രഷറര്‍ എന്‍.എ അബ്ദുര്‍ റഹ്മാന്‍ ഹാജി, കട്ടപ്പണി കുഞ്ഞാമു, പൂരണം മുഹമ്മദലി എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment

thank you my dear friend