Tuesday, February 08, 2011

തിരുകേശം സൂക്ഷിക്കാന്‍ രാജ്യത്തെ ഏററവും വലിയ മസ്ജിദ്

കോഴിക്കോട്: ലോകത്ത് അപൂര്‍വമായ പ്രവാചക തിരുകേശം സൂക്ഷിക്കാനും കാല്‍ലക്ഷത്തോളം പേര്‍ക്ക് പ്രാര്‍ഥിക്കാനുമായി ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ദേവാലയം കോഴിക്കോട് ജില്ലയില്‍ നിര്‍മിക്കുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ കീഴിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്റ് മസ്ജിദ് നിര്‍മിക്കുന്നത്.

കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോസാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200 പേര്‍ക്ക് താമസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്റ് മോസ്‌ക്.

കശ്മീരിലെ ഹസ്രത്ത്ബാല്‍ പള്ളി കഴിഞ്ഞാല്‍ പ്രവാചക തിരുകേശം സൂക്ഷിക്കുന്ന ഇന്ത്യയിലെ മസ്ജിദ് എന്ന സ്ഥാനം ഗ്രാന്റ് മോസ്‌കിന് ലഭിക്കും. തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയമാണ് പ്രവാചക തിരുകേശം സൂക്ഷിക്കുന്ന മറ്റൊരു സ്ഥലം. ഗ്രാന്റ് മോസ്‌കിന്റെ മധ്യഭാഗത്തുള്ള ഉയരംകൂടിയ താഴികക്കുടത്തിന് താഴെയായിരിക്കും പ്രവാചക തിരുകേശം സൂക്ഷിക്കുക.

കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് പ്രവാചക കേശം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയിരുന്നു


No comments:

Post a Comment

thank you my dear friend