Tuesday, July 27, 2010

ത്വാഹിര്‍ തങ്ങള്‍: വിശുദ്ധിയുടെ നിലാവെളിച്ചം

ത്വാഹിര്‍ തങ്ങള്‍: വിശുദ്ധിയുടെ നിലാവെളിച്ചം
സൈനുല്‍ മുഹഖിഖീന്‍ ശൈഖുനാ സയ്യിദ്
ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ വിയോഗം സൃഷ്ടിച്ച വേദനയ്ക്ക് നാലു വര്‍ഷം.
2006 സെപ്തംബര്‍ 2 ശനിയാഴ്ച ശഅ്ബാന്‍ 10ന്റെ സായം സന്ധ്യയില്‍
പണ്ഡിതന്മാരും മുതഅല്ലിമുകളും ഖുര്‍ആന്‍ കൊണ്ടും നബികീര്‍ത്തനം കൊണ്ടും
അഭൗമ സൗരഭം തീര്‍ത്ത, മാലാഖമാര്‍ പെയ്തിറങ്ങിയ പുണ്യസദസ്സില്‍ വെച്ച്
എല്ലാവരോടും പുഞ്ചിരിയോടെ യാത്ര പറഞ്ഞ് ആ വിശുദ്ധാത്മാവ് ഇലാഹീ
സവിധത്തിലേക്ക് ശാന്തമായി പറന്നുപോയി.
കളങ്കമില്ലാത്ത വിശ്വാസവും വിശ്രമമില്ലാത്ത കര്‍മവും വഴി സ്ഫുടം
ചെയ്‌തെടുത്ത മനസ്സും ശരീരവുമായി റഹ്മത്തിന്റെ മലക്കുകളുടെ
ചിറകിനടിയിലായിരുന്നു വിശുദ്ധിയുടെ പര്യായമായ ത്വാഹിര്‍ തങ്ങളുടെ ഹ്രസ്വമായ
ജീവിതമത്രയും. അതി ഭൗതികതയുടെ ആസക്തി നിറഞ്ഞ ആധുനിക ലോകത്ത് ഒരു
കറാഹത്തിലേക്ക് പോലും നീങ്ങാതെ മനസ്സും ശരീരവും കാത്തുസൂക്ഷിക്കാന്‍
അപാരമായ ഹിമ്മത്ത് തന്നെ വേണം. ത്വാഹിറെന്ന പേര് പോലെ വിശുദ്ധമായിരുന്നു
അവിടുത്തെ ജീവിതമത്രയും.
വിശുദ്ധ പ്രവാചകര്‍ മുഹമ്മദ് നബി(സ)യുമായി ബന്ധപ്പെട്ടതിനെല്ലാം അല്ലാഹു
മഹത്വം നല്‍കി. അവിടുത്തെ വിശുദ്ധ രക്തത്തില്‍ നിന്നുണ്ടായ സന്താന
പരമ്പര-അഹ്‌ലുബൈത്ത് - മുസ്‌ലിം ഉമ്മത്തിന്റെ പ്രതീക്ഷയും അഭയസ്ഥാനവുമാണ്.
പ്രവാചകരുടെ പ്രിയപുത്രി ഫാത്വിമ(റ)യുടെ സന്താന പരമ്പരയിലൂടെ അഹ്‌ലുബൈത്ത്
നിലനിന്നു. വിശുദ്ധ ഖുര്‍ആന്‍ തന്നെ അഹ്‌ലുബൈത്തിന്റെ പരിശുദ്ധിയും
മഹത്വവും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അഹ്‌ലുബൈത്ത് ലോകാവസാനം വരെ
നിലനില്‍ക്കും. പരമ്പരാഗതമായി അവര്‍ നിലനിര്‍ത്തിപ്പോന്നതും പഠിപ്പിച്ചതും
നടപ്പില്‍ വരുത്തിയതുമാണ് ഇസ്‌ലാമിന്റെ യഥാര്‍ത്ഥ വഴി. മദീന മുനവ്വറയില്‍
നിന്ന് യമനിലെ ഹളര്‍ മൗത്ത് വഴിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഹ്‌ലു
ബൈത്ത് എത്തിയിട്ടുള്ളത്. പലപ്പോഴായി യമനില്‍ നിന്ന് കേരളത്തിലെത്തിയ
സയ്യിദ് ഖബീലകളില്‍ സുപ്രധാനമായൊരു ഖബീലയാണ് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍
തങ്ങളുടെ അഹ്ദല്‍ ഖബീല.
ഹുസൈന്‍ (റ)ന്റെ സന്താന പരമ്പരയില്‍ മൂന്നാമത്തെ കണ്ണിയായ മൂസല്‍ ഖാളിം
(റ) വിശ്രുതനാണല്ലോ. ഇവരുടെ 37 മക്കളില്‍ പ്രമുഖനായ ഔന്‍ (റ) ന്റെ ഒമ്പതാം
തലമുറയില്‍ ഏറെ പ്രസിദ്ധനാണ് അലിയ്യുല്‍ അഹ്ദല്‍ (റ). വിനയത്താല്‍
ചാഞ്ഞവന്‍ എന്ന് അഹ്ദലിന് അര്‍ത്ഥമുണ്ട്. തഖ്‌വ, വിജ്ഞാനം, സേവനം
എന്നിവയെല്ലാം നിറഞ്ഞു നില്‍ക്കുമ്പോഴും വിനയത്താല്‍ ശിരസ്സ്
കുനിഞ്ഞവരായിരുന്നു അവര്‍. അല്ലാഹുവിനെ അറിഞ്ഞവര്‍ എന്നും അല്ലാഹുവിലേക്ക്
ഏറ്റവും അടുത്തവര്‍ എന്നുമൊക്കെ അഹ്ദലിന് അര്‍ത്ഥതലങ്ങളുണ്ട്. അഹ്ദല്‍
ഖബീലയില്‍ വിരിഞ്ഞവരെല്ലാം പേര് അന്വര്‍ത്ഥമാക്കി ഇലാഹീ വഴിയില്‍
വിളക്കുമാടങ്ങളായി പരിലസിച്ചു. അലിയ്യുല്‍ അഹ്ദലിന്റെ സന്താന പരമ്പരയില്‍
പതിനാറാം കണ്ണിയാണ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഖിയാമി അഹ്ദല്‍ (റ). ഒരു
നിയോഗം പോലെ അദ്ദേഹം യമനില്‍ നിന്നും ദീനീ പ്രതാപമുറങ്ങുന്ന മലബാറില്‍
വന്നു ബൈത്താന്‍ ഔലിയയുടെ മകളെ വിവാഹം ചെയ്യുന്നു. ആ ദാമ്പത്യ വല്ലരിയില്‍
അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ എന്ന കുട്ടിയെ സമ്മാനിച്ച് മഹാന്‍ മക്കയിലേക്ക്
തിരിച്ചുപോകുന്നു. പന്ത്രണ്ടാം വയസ്സില്‍ മകന്‍ പിതാവിനെതേടി
മക്കയിലേക്ക്. പിതാവിനുകീഴിലും പ്രമുഖപണ്ഡിതന്മാര്‍ക്കുകീഴിലുമായി 13
വര്‍ഷത്തെ ദീനി വിജ്ഞാനംനുകര്‍ന്ന സേവന ദൗത്യവുമായി സയ്യിദ് അബ്ദുല്‍
ഖാദിര്‍ അഹ്ദല്‍ മലബാറിലേക്ക് തിരിച്ചുവന്നു. ഇവരുടെ സന്താനങ്ങളില്‍
പ്രമുഖനായ സയ്യിദ് മുഹമ്മദ് അല്‍ അഹ്ദല്‍ കുഞ്ഞി സീതിക്കോയ തങ്ങള്‍ക്ക് 11
മക്കള്‍. മൂത്ത പുത്രന്‍ സയ്യിദ് മുഹമ്മദ് കോയഞ്ഞി തങ്ങളുടെ 10 മക്കളില്‍
അഞ്ചാമനാണ് നമ്മുടെ നാടിന്റെ ആത്മീയ വെളിച്ചമായി പരിലസിച്ച ശൈഖ് സയ്യിദ്
മുഹമ്മദ് ത്വാഹിറുല്‍ അഹ്ദല്‍ (റ). കൊന്നാരയില്‍ അന്ത്യവിശ്രമം കൊള്ളുന്ന
കൊഞ്ഞുള്ള ഉപ്പാപ്പ തങ്ങളുടെ മകന്‍ സയ്യിദ് അബൂബക്കര്‍ പൂക്കുഞ്ഞി തങ്ങള്‍
ബുഖാരിയുടെ മകന്‍ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ ബുഖാരി തങ്ങളുടെ മകള്‍
ശരീഫ ഫാത്വിമ കുഞ്ഞി ബീവിയാണ് ത്വാഹിര്‍ തങ്ങളുടെ വന്ദ്യ മാതാവ്. അഹ്ദല്‍,
ബുഖാരി ഖബീലകളുടെ വംശ വിശുദ്ധിയുമായി പുണ്യ ജന്മമായിരുന്നു എല്ലാ നിലയിലും
വിശുദ്ധിയുടെ പര്യായമായ തങ്ങളുടേത്. (ജനനം ഹിജ്‌റ 1365 ജുമാദുല്‍ ആഖിര്‍
25).
ഇല്ലായ്മകളുടെ വറുതികള്‍ക്കിടയിലും നന്മകളൊന്നും കൈവിടാത്ത
കുടുംബമായിരുന്നു തങ്ങളുടേത്. കൊടിയ ദാരിദ്ര്യത്തിനിടയിലും മക്കളെയെല്ലാം
ഇല്‍മിന്റെ ഉന്നതങ്ങള്‍ ചവിട്ടിക്കയറാന്‍ പാകമാക്കി. മദ്രസാ പഠനത്തോടൊപ്പം
ദര്‍സ് പഠനം തുടങ്ങിയ ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പിന്നീട് പല
നാടുകളിലായി പഠനം പൂര്‍ത്തിയാക്കി. കിലോമീറ്റുകള്‍ നടന്നു ചെന്നാണ് അന്ന്
തങ്ങള്‍ പഠിച്ചത്. 1972ല്‍ ഫൈസി ബിരുദവുമായി പൊതു സേവന രംഗത്തേക്ക്. ഒരു
നിയോഗമെന്നു തന്നെ പറയാം തങ്ങളുടെ സേവനപഥം കാസര്‍കോടിന് ലഭിച്ചു.
ഉറുമിയില്‍ മുദരിസായി കാസര്‍കോടിനെ സ്വീകരിച്ച തങ്ങള്‍ പിന്നീട് ഈ നാടിന്റെ
ഭാഗമായി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജീവകാരുണ്യ സംഘാടന
മേഖലകളിലും തങ്ങള്‍ ശ്രദ്ധയൂന്നി. എഴുപതുകളുടെ അവസാനം കട്ടത്തടുക്കയില്‍
ഒരു യതീംഖാനയിലൂടെ തുടങ്ങിയ സാമൂഹിക വിപ്ലവം 1992ല്‍ മുഹിമ്മാത്തിന്റെ
പിറവിയോടെ ഉന്നതങ്ങളിലെത്തി.
ത്വാഹിര്‍ തങ്ങളുടെ പ്രിയ മുഹിമ്മാത്ത്
ഒരു നാടിനെയും സമൂഹത്തെയും വിദ്യാഭ്യാസപരമായും സാമ്പത്തികമായും
ആത്മീയമായും എങ്ങനെ വളര്‍ത്തിയെടുക്കാമെന്ന ത്വാഹിര്‍ തങ്ങളുടെ
വര്‍ഷങ്ങളുടെ ചിന്തയുടെയും അധ്വാനത്തിന്റെയും ഫലമാണ് കാസര്‍കോട് താലൂക്കിലെ
പുത്തിഗെയിലെ മുഹിമ്മാത്ത് സ്ഥാപന സമുച്ചയം. സ്വന്തം കീശയില്‍ നിന്ന്
കാശെടുത്ത് സ്ഥലം വാങ്ങി ആളുകള്‍ തിരിഞ്ഞു നോക്കാന്‍ പോലും മടിച്ചിരുന്ന
കട്ടത്തടുക്കയിലെ പാറപ്പുറത്ത് തങ്ങള്‍ നട്ടുപിടിപ്പിച്ച മുഹിമ്മാത്തിനെ
ഒന്നര ദശാബ്ദം കൊണ്ട് 35 ഏക്കര്‍ വിസ്തൃതിയില്‍ 20ലേറെ സ്ഥാപന
സമുച്ചയങ്ങളുള്ള വലിയൊരു കാരുണ്യ കേന്ദ്രമാക്കി വളര്‍ത്തിയെടുത്താണ്
തങ്ങള്‍ വിടചൊല്ലിയത്. അവിടുത്തെ അഭിലാഷം പോലെ അനാഥ-അഗതികളും
മുതഅല്ലിമുകളും ഹാഫിളുകളുമായ ആയിരത്തോളം അന്തേവാസികളുടെ തസ്ബീഹിന്റെയും
ഖുര്‍ആന്‍ പാരായണത്തിന്റെയും മാധുര്യമാസ്വദിച്ച് മുഹിമ്മാത്ത് മസ്ജിദിനു
ചാരെ ശൈഖുനാ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അന്ത്യ വിശ്രമം
കൊള്ളുന്നു. ഇരുപതാണ്ട് പൂര്‍ത്തിയാക്കുന്ന മുഹിമ്മാത്ത് ഇന്ന് ഉത്തര
കേരളത്തിന്റെയും ദക്ഷിണ കര്‍ണ്ണാടകയുടെയും പ്രതീക്ഷയുടെ തുരുത്താണ്.
പ്രതിദിനം ഒരു ലക്ഷത്തിനടുത്ത് രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന
മുഹിമ്മാത്ത് തങ്ങളുസ്താദിനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ഉദാരമതികളുടെ
സഹായ സഹകരണങ്ങള്‍ കൊണ്ട് ഇന്ന് വളര്‍ച്ചയുടെ പടവുകളൊന്നൊന്നായി
ചവിട്ടിക്കയറുന്നു. ഒരു സ്ഥാപനത്തോടൊപ്പം സമൂഹവും വളരുന്ന വിസ്മയ
ദൃശ്യമാണ് മുഹിമ്മാത്ത് നഗര്‍.

ആണ്ട് നേര്‍ച്ച
മുഹിമ്മാത്ത് സ്ഥാപന കവാടത്തില്‍ ആത്മീയ പ്രൗഢിയോടെ ഉയര്‍ന്നു
നില്‍ക്കുന്ന ഖുബ്ബകള്‍ക്കു കീഴെ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ
മഖ്ബറ. ജീവിത കാലത്തെന്ന പോലെ മരണ ശേഷവും പ്രതിദിനം നൂറുകണക്കിനാളുകളാണ്
തങ്ങളെ സന്ദര്‍ശിക്കാനെത്തുന്നത്. രാപ്പകലെന്നില്ലാതെ അനേകമാളുകള്‍ ഈ
മസാറിലെത്തി ആത്മ സംതൃപ്തിയോടെ തിരിച്ചുപോകുന്നു. എല്ലാ ദിവസവും കൂട്ട
സിയാറത്തുകള്‍! എല്ലാ വര്‍ഷവും ശഅ്ബാനില്‍ തങ്ങളുടെ വഫാത്വിന്റെ വാര്‍ഷികം
സമുചിതമായി ആചരിക്കുന്നു. മുഹിമ്മാത്ത് നഗറിനു പുറമെ നാടൊട്ടുക്കും
അനുസ്മരണ പരിപാടികള്‍ നടക്കുന്നു. വിശുദ്ധ ജീവിതം ചര്‍ച്ച ചെയ്യുന്ന
വേദികള്‍ എങ്ങും സജീവമാകുന്നു.

No comments:

Post a Comment

thank you my dear friend