skip to main |
skip to sidebar
|
|
കോഴിക്കോട്: സയ്യിദ് ഫള്‌ലുബ്‌നു മുഹമ്മദ് ശിഹാബ് അല്‍ ജിഫ്‌രി എന്നാണ് നാമം. 1928 ആഗസ്റ്റ് 5ന് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങളുടെ മകനായി ജനിച്ച ഫസല്‍ തങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോട് മദ്‌റസത്തുല്‍ ജിഫ്‌രിയ്യ, ഗണപതി ഹൈസ്‌കൂള്‍, മദ്‌റസത്തുല്‍ മുഹമ്മദിയ്യ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അയ്യിപ്ര കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, മുഹമ്മദലി മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കോഴിക്കോട് എന്നിവര്‍ ഉസ്താദുമാരാണ്. 1962 മുതല്‍ പൊതു പ്രവര്‍ത്തന രംഗത്ത് സേവനം ചെയ്ത തങ്ങള്‍ സുന്നി വിദ്യാഭ്യാസ വൈസ് പ്രസിഡന്റ്, മിസ്‌കാല്‍ പള്ളി പ്രസിഡന്റ്, മഊനത്തുല്‍ ഇസ്‌ലാം സഭ, തര്‍ബിയതുല്‍ ഇസ്‌ലാം സഭ എന്നിവയുടെ വൈസ് പ്രസിഡന്റായും കോഴിക്കോട് ഖാസി കമ്മിറ്റി പ്രസിഡന്റായും കോഴിക്കോട് ഉമറാ കമ്മിറ്റി ചെയര്‍മാനായും ഹജ്ജ് കമ്മിറ്റി മെമ്പറായും തൗഫീഖ് പബ്‌ളിക്കേഷന്‍സിന്റെ വൈസ് പ്രസിഡന്റായും സുന്നത്ത് മാസികയുടെ മാനേജിംഗ് എഡിറ്ററായും പ്രവര്‍ത്തിച്ചു. മൂന്ന് നൂറ്റാണ്ട് മുമ്പ് യമനിലെ ഹളര്‍ മൗത്തില്‍ നിന്നും കേരളത്തിലെത്തിയ ജിഫ്‌രി സയ്യിദ് വംശത്തിലെ പ്രധാന കണ്ണിയാണ് സയ്യിദ് ഫസല്‍ ജിഫ്‌രി. കുറ്റിച്ചിറ ജിഫ്‌രിഹൗസിന് സ്വാതന്ത്ര്യ സമരത്തിലും കേരളത്തിലെ ഇസ്‌ലാമിക സംഘ മുന്നേറ്റ ചരിത്രത്തിലും നിര്‍ണ്ണായക സ്വാധീനമുണ്ട്. ജിഫ്‌രി ഹൗസിന്റെ അവസാന സാരഥിയായിരുന്നു ഫസല്‍ തങ്ങള്‍. കോഴിക്കോട് സിറ്റി എസ്‌വൈ എസിന്റെ പ്രസിഡന്റായി സംഘടനാ രംഗത്തെത്തിയ തങ്ങല്‍ പിന്നീട് താലൂക്ക് പ്രസിഡന്റ്, കോഴിക്കോട് ജില്ലയുടെ പ്രഥമ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം എസ്‌വൈ എസ് ഉപാധ്യക്ഷനായിരുന്നു. 1990 മുതല്‍ 1994 വരെ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നു. 1978ല്‍ മര്‍കസ് സ്ഥാപിക്കുമ്പോള്‍ തന്നെ അതിന്റെ കമ്മിറ്റി അംഗമായിരുന്ന തങ്ങള്‍ പിന്നീട് വൈസ് പ്രസിഡന്റും ഒടുവില്‍ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. ഏഷ്യയിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ സമുച്ചയമയി വളര്‍ന്ന മര്‍കസിന്റെ വളര്‍ച്ചയില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരോടൊപ്പം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. സുന്നി സംഘടനകള്‍ക്ക് ഓഫീസില്ലാതിരുന്ന കാലത്ത് കോഴിക്കോട് തങ്ങള്‍സ് റോഡിലെ ജിഫ്‌രി ഹൗസായിരുന്നു ആസ്ഥാനം. സമസ്തയുടെ പല നിര്‍ണായക യോഗങ്ങളും ജിഫ്‌രി ഹൗസിലാണ് ചേര്‍ന്നത്. നിലവിലുള്ള നേതാക്കള്‍ക്ക് പുറമെ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരടക്കമുള്ള എല്ലാ നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കഴിഞ്ഞ മാസം 22ന് നടന്ന ദുബൈ മര്‍കസ് ഉദ്ഘാടന ചടങ്ങില്‍ തങ്ങള്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ മത സാംസ്‌കാരിക രംഗങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്ന തങ്ങളുടെ വിയോഗം കേരളത്തിനു കനത്ത നഷ്ടമാണ്. ഖദീജമുല്ല ബീവിയാണ് ഭാര്യ. സയ്യിദ് ഹാശിം ശിഹാബ്, സയ്യിദ് ജഅ്ഫര്‍ ശിഹാബ്, ശരീഫ ഹഫ്‌സ, സയ്യിദ് സ്വാലിഹ് ശിഹാബ്, സയ്യിദ് അനസ് ശിഹാബ്, സയ്യിദ് സിറാജ് ശിഹാബ്, സയ്യിദ് നൗഫല്‍ ശിഹാബ്, സയ്യിദ് സഹല്‍ ശിഹാബ് എന്നിവര്‍ മക്കളാണ്.
No comments:
Post a Comment
thank you my dear friend